വിവാദമോ അതോ ഗൂഡാലോചനയോ ??
ഒരു പേരിൽ ഒക്കെ എന്തിരിക്കുന്നു……? വളരെ നിസ്സാരമായ സരസമായ ഒരു ചോദ്യം … അതെ ഒരു പേരിൽ ഒക്കെ എന്തിരിക്കുന്നു …!!!
ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂപ്പർ സ്റ്റാറും കേന്ദ്ര സഹ മന്ത്രിയും ബി ജെ പി യുടെ തൃശൂർ എം പി യുമായ ശ്രി സുരേഷ്‌ഗോപിയുടെ ഏറ്റവും പുതിയ സിനിമയായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള – JSK ആണ് ചർച്ചാ വിഷയം . സെൻസർ ബോർഡ് 96 ഇടങ്ങളിൽ കട്ട് ചെയ്യാൻ പറയുന്നു…. എന്നാൽ എന്തിനു …എന്ന് കൃത്യമായി പറയുന്നില്ല . ജൂൺ 27 നു റിലീസ് പ്രഖ്യാപിച്ച സിനിമ സെൻസർ ബോര്ഡിനുള്ളിൽ കിടന്നു പുളയുന്നു. മൂവീസ് അൺഫിൽറ്റെർഡ് സിനിമയുടെ റിലീസിനെ കുറിച്ച് മുൻപ് എഴുതിയിരുന്നു ..
എന്താണ് ഇവിടെ സംഭവിക്കുന്നത്…. ആരാണ് ഇതിനൊക്കെ പിന്നിൽ…. എങ്ങിനെയാണ് ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യം പ്രകടമാക്കാൻ കഴിയുക … ചോദ്യങ്ങൾ ഒരുപാട്…എന്നാൽ ഒന്നിനും വ്യക്തതയില്ല . ഇത് ആദ്യമായല്ല
പേരിന്റെ കാര്യത്തിലും സിനിമയുടെ ഉള്ളടക്കത്തിലും സിനിമയിലെ ചില ഭാഗങ്ങളും , സിനിമയുടെ ഭാഗമായ അഭിനേതാക്കളിലും പിന്നണി പ്രവർത്തകരുടെയും പേരുകൾ , അവരുടെ മതവും ഒക്കെ ഒരു പ്രശ്‌നമാകുന്നു ഇക്കാലഘട്ടത്തിൽ .
മേല്പറഞ്ഞ വസ്തുതകൾ ആരെയാണ് അലോസരപ്പെടുത്തുന്നത്…? ആരെയാണ് അസ്വസ്ഥരാകുന്നത്….? ഇത്തരം കാര്യങ്ങൾ അസഹിഷ്ണുത ഉണ്ടാകുന്നതു ആർക്കൊക്കെയാണ്..? സിനിമ ഒരു മാധ്യമമാണ്..ചില വസ്തുതകൾ ഒരു രണ്ടര മൂന്ന് മണിക്കൂറുകൾ കൊണ്ട് ഒരു വലിയ ജനാവലിയെ ബോധ്യപ്പെടുത്തുകയും , അത് കാണുന്നവരുടെ ഉള്ളിൽ കുറെയേറെ കാലമെങ്കിലും മായാതെ കിടക്കാനും ഉപകരിക്കുന്ന ഒരു ശക്തമായ മാധ്യമം. അതുകൊണ്ട്‌തന്നെ കാലം സിനിമയെന്ന ഈ മാധ്യമത്തെ ഒരു വിനോദോപാധി എന്ന നിലയിൽ മാത്രമല്ല, മറിച്ചു വസ്തുതകൾ ജന്മനസ്സുകളിലേക്കു വളരെ ആഴത്തിൽ എത്തിക്കാനും കൂടി ഉപയോഗിച്ച് വരുന്നുണ്ട്. അതും ജനങ്ങളുടെ ഇഷ്ട താരങ്ങൾ അത് കഥാപാത്രങ്ങൾ ആയി അവതരിപ്പിക്കുമ്പോൾ , അവതരിക്കുമ്പോൾ അതിനു നൂറു മേനി ഫലവും കിട്ടും.
ഇയ്യടുത്തിറങ്ങിയ മോഹൻലാൽ നായകനായ , പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനെന്ന സിനിമക്ക് സംഭവിച്ചതും ഇതുപോലൊക്കെ തന്നെയാണ്. ഒരു പക്ഷെ ഒരു ഇരുപത്തിരണ്ടു വയസിനു താഴെ ഉള്ള ഇന്നത്തെ പുതിയ തലമുറക്ക് കേട്ടുകേൾവിപോലുമില്ലാത്ത ഒരു സംഭവത്തെ പൃഥ്വിരാജ് ഒരൊറ്റ സിനിമയിലെ ഒരു 20 മിനിറ്റുകൊണ്ട് ഇന്നലെ നടന്ന ഒരു സംഭവമെന്ന പോലെ ആക്കിത്തീർത്തു. പൊതുജനം അത് ചർച്ച ചെയ്തു…അഭിപ്രായങ്ങൾ ഉളവായി…ഗുജറാത്തു കലാപം വീണ്ടും മുഖ്യധാരാ മാധ്യമങ്ങൾ ചർച്ചയാക്കി….വാർത്തയാക്കി. മറന്നു തുടങ്ങിയ പല പേരുകളും ഓർമകളിലേക്ക് തിരികെ വന്നു…. സെൻസർ ബോർഡ് പക്ഷെ അവിടെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല …മറിച്ചു തീവ്രവലതുപക്ഷവും ചില രാഷ്ട്രീയപാർട്ടികയിലെ ചുരുക്കം ചില നേതാക്കളിലൂടെയും ആ സിനിമയെ വീണ്ടും കീറിമുറിക്കാനും , പേരുകൾ മാറ്റുവാനും, ബീപ്പ് ശബ്ദം ഇടുവാനും ഒക്കെ സിനിമയുടെ അണിയറ പ്രവർത്തകരെ നിർബന്ധിതരാക്കി. എന്തിനു സൂപ്പർ സ്റ്റാർ പദവിയിലുള്ള ശ്രീ മോഹൻ ലാൽ പോലും പൊതുജനത്തിനോട് മാപ്പു പറയുകയുണ്ടായി…
ഇവിടെയാണ്… ജനാധിപത്യ രാജ്യമായ…. ആവിഷ്കാര സ്വാതന്ത്ര്യം യഥേഷ്ടം ഉണ്ടെന്നു അഹങ്കരിക്കുന്ന , മതേതരത്വവും ഉയർന്ന പുരോഗമന ചിതാശേഷിയും ഉള്ള ഒരു ജനതയെ താറടിച്ചുകാണിക്കുന്ന തരത്തിൽ ഇന്ത്യയിലെ രാഷ്ട്രീയം അധഃപതിക്കുന്നതു കാണുന്നത്…. തങ്ങൾക്കിഷ്ടമില്ലാത്തവ ഇവിടെ വേണ്ട എന്ന ഫാസിസ നടപടി ഓരോരോ മേഖലയിലേക്കും വളരെ കൃത്യതയോടെ ബോധ്യത്തോടെ കൊണ്ടുവരുക എന്ന നീക്കം. കേന്ദ്ര സഹമത്രിയായാലും വേണ്ടില്ല, ” “തങ്ങൾക്കിഷ്ടമില്ലാത്തവ ഇവിടെ വേണ്ട ” എന്ന് തന്നെയാണ്… !
പുരാണത്തിൽ ജനകന്റെ മകൾ ആണ് സീത … സീതയുടെ പര്യായമായാണ് ജാനകി എന്നുള്ള പേര്. സിനിമയുടെ കഥാപാത്രമായ ജാനകിയുടെ പിതാവിന്റെ പേര് വിദ്യാധരൻ എന്നാണ്…. വെറും ജാനകി എന്നിട്ടാൽ മാത്രമേ ജനകപുത്രിയായ സീതയിലേക്കു എത്തുന്നുള്ളൂ. വിദ്യാധരന്റെ പുത്രിക് ജാനകി V എന്ന് പേരിട്ടാൽ അത് സീതയിലേക്കെത്തുകയില്ല.
എന്താലേ..!!
ഏതായാലും ഇങ്ങനെയുള്ള വിവാദങ്ങൾ ഒരുപക്ഷെ സിനിമക്ക് ഒരു വലിയ തുടക്കം നൽകാനും ഉപകരിച്ചേക്കാം എന്നുള്ള വസ്തുത തള്ളിക്കളയാനാകില്ല. എന്ന് കരുതി അതിനുവേണ്ടി സെൻസർ ബോര്ഡിനെ ഉപയോഗിച്ചു എന്നും മൂവീസ് അൺഫിൽട്ടറെഡ് പറയുന്നില്ല. ഇത്രയും ഉണ്ടായിട്ടും സിനിമയിലെ നായകന്റെ മൂകത മാത്രം പിടികിട്ടുന്നില്ല. 96 ഇടങ്ങളിൽ കത്രിക വെക്കുന്നതിനു പകരം രണ്ടിടത്തായി കുറച്ചു.. വെറും ജാനകിക് പകരം ജാനകി വി എന്നാകാം എന്ന് തീരുമാനമായി. കോടതി സിനിമ കണ്ടു … സിനിമയുടെ അണിയറ പ്രവർത്തകർക്കു നീതി ലഭിച്ചു … സിനിമ റിലീസിന് അടുക്കുന്നു…. ഇതൊക്കെയാണ് ഇപ്പോഴത്തെ വാർത്തകൾ. ആവലാതിക്കാര് കോടതിയിൽ പോയാൽ അതിനു ഒരു തീർപ്പുണ്ടാകണം … അല്ലാതെ കോംപ്രമൈസ് അല്ല ഉണ്ടാകേണ്ടത്. ഇവിടെ പരാതിയിന്മേൽ കോടതി വിധി പറഞ്ഞോ….? പരാതിക്കാരന് നീതി ലഭിച്ചോ…? അതോ മുടക്കിയ പൈസയുടെ ആധിക്യം ,ഓരോ ദിവസം പോകുംതോറും കൂടിക്കൂടി വരുന്ന പലിശയുടെ ഓർമയിൽ പണ്ട് ജനാർദ്ദനൻ ചേട്ടൻ അവതരിപ്പിച്ച കഥാപത്രം പറഞ്ഞ പോലെ … “എല്ലാം പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കിയോ”…
ഒരു പേരിലൊക്കെ എന്തിരിക്കുന്നു…അല്ലെ..?
VV