കൃത്യം ഒരാഴ്ച കഴിഞ്ഞു ഷാഹി കബീറിന്റെ റോന്ത് റിലീസ് ചെയ്തിട്ടു . ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് .. ഷാഹിയുടെ മുന്പിറങ്ങിയ സിനിമകൾ ഒന്നും തന്നെ വലിയ ഹൈപില്ലാതെ റിലീസ് ചെയ്ത സിനിമകളാണ്… ജോസഫ് , നായാട്ടു , ഇല വീഴാ പൂഞ്ചിറ , ഓഫീസർ ഓൺ ഡ്യൂട്ടി ..പിന്നെ ഇപ്പൊ ഇതാ റോന്തും .
ഇപ്പറഞ്ഞ എല്ലാ സിനിമകളും ഒരുപക്ഷെ ട്രൈലെർ റിലീസിന് ശേഷം സംസാരവിഷയമാവുകയും പിന്നെ റിലീസ് ആയതിനു ശേഷം കേറി അങ്ങ് കൊളുത്തുകയും സിനിമ പ്രേമികളുടെ ഇടയിൽ ചർച്ചാ വിഷയമാവുകയും ചെയുന്ന ഒരു രീതിയാണ് കണ്ടു വരുന്നത് .. ഷാഹിയും കൂട്ടരും മനപൂർവം അങ്ങിനെ തങ്ങളുടെ സിനിമയെ പ്രൊമോട്ട് ചെയ്യുകയാണോ അതോ ഒരു ഓര്ഗാനിക്കലി സംഭവിക്കുന്നതാണോ എന്നും സംശയമുണ്ട്. എന്തായാലും സിനിമയെ പ്രേക്ഷകരിലേക്കെത്തിക്കാൻ ഷാഹിയും കൂട്ടരും ചെയ്യുന്ന ട്രീറ്റ്മെന്റ് കൊള്ളാം .
ഇനി റോന്ത് എന്ന സിനിമയിലേക്ക്. ഇറങ്ങിയ ആദ്യദിവസം തന്നെ സിനിമ കണ്ട ഒരാളാണ് ഞാൻ. അപ്പോൾ തന്നെ ഒരു റിവ്യൂ എഴുതി സ്പോയ്ലർ ആകേണ്ട എന്ന് കരുതി ആണ് ഒരാഴ്ച കഴിഞ്ഞു എഴുതാം എന്ന് കരുതിയത്. ഒരുപാട് കാക്കി കഥകൾ വന്നു പോയ ഒരു മേഖലയാണ് മലയാള സിനിമ .. മിക്കവാറും ഒരു പോലീസ് കഥയാകുമ്പോൾ നമ്മൾ പ്രതീക്ഷിക്കുക ഒരു സൂപ്പർ കോപ്പ് മൂവീസ് ആയിരിക്കും .. കാരണം മമ്മൂക്കയും ലാലേട്ടനും സുരേഷ്‌ഗോപിയും പ്രിത്വിരാജ്ഉം മറ്റുള്ളവരും ഒക്കെ ചെയ്തു വച്ച സിനിമകൾ അത്തരത്തിലാണ് … !
എന്നാൽ ഷാഹിയുടെ കഥയിലെ പോലീസുകാർ സൂപ്പർ കോപ്പല്ല . സാധാരണക്കാരാണ് . എല്ലാ മനുഷ്യരെയും പോലെ ,കുടുംബവും വൈഷമ്യങ്ങളും പ്രശ്നങ്ങളും ടെന്ഷനുകളും കൊച്ചു കൊച്ചു സന്തോഷങ്ങളും ജോലിയിലുള്ള പ്രേഷറും അങ്ങിനെ ഏതൊരു വ്യക്തിക്കും റിലേറ്റു ചെയ്യുവാൻ സാധിക്കുന്ന തരത്തിലുള്ള കഥാപാത്ര ആവിഷ്കാരമാണ് ഷാഹി തന്റെ കഥയിലൂടെ നടത്തുക . റോന്ത് എന്ന സിനിമയിലെ യോഹന്നാനും ദിൽനാഥും ഒട്ടും വ്യത്യസ്തമല്ല. ഒരു നൈറ്റ് പട്രോളിംഗ് എങ്ങിനെയാകുന്നു ..
എന്തൊക്കെയായിരിക്കും ഒരു നൈറ്റ് പട്രോളിംഗിനിടെ സംഭവിക്കാൻ സാധ്യത .. അങ്ങിനെ വളരെ സൂക്ഷ്മതയോടെ ഒരു പോളിസി സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് ടീമിന്റെ അവസ്ഥ ഷാഹി കൃത്യതയോടെ റോന്ത് എന്ന സിനിമയിലൂടെ മലയാളിക്ക് കാണിച്ചു തന്നു.
കാസ്റ്റിംഗ് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ദിലീഷ് പോത്തൻ തന്റെ പോത്തേട്ടൻ മാജിക് എഴുത്തിലും സംവിധാനത്തിലും നിർമാണത്തിലും മാത്രമല്ല … അഭിനയത്തിലും കൂടി കൊണ്ട് വന്ന ഒരു സിനിമ കൂടിയാണ് റോന്ത് . വേഷം .. അഭിനയം …മികവ് … ശരീരഭാഷ … എല്ലാം കിറുകൃത്യം . റോഷൻ എന്നത്തേയും പോലെ ഒരു ഫ്രഷ് പോലീസുകാരനെ അഭിനയിച്ചു ഫലിപ്പിച്ചു . പോലീസ് യൂണിഫോമിനുമപ്പുറം അവർക്കും ഒരു ജീവിതമുണ്ടെന്നും ആ ജീവിതത്തിൽ ഒരു കുടുംബം ഉണ്ടെന്നും ആ കുടുംബത്തിലെ സാഹചര്യങ്ങൾ പലപ്പോഴും ജോലിയിലും വ്യക്തിബന്ധത്തിലും കടന്നു വരുമെന്നും ഒക്കെ ഷാഹി വളരെ കൃത്യമായി ക്രമീകരിക്കുന്നുണ്ട് റോന്ത് എന്ന സിനിമയിൽ . ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങും സിനിമാട്ടോഗ്രഫിയും ഒക്കെ ബഹുകേമം.
റോന്ത് എന്ന സിനിമയെ കുറിച്ച് എഴുതാനാണ് തുടങ്ങിയത് …എന്നാൽ എഴുതിയത് മുഴുവനും ഷാഹി കബീർ എന്ന എഴുത്തുകാരനെയും സംവിധായകനെയും കുറിച്ചാണ്…അത് തന്നെയാണ് ആ കലാകാരന്റെ വിജയവും… ആ കൈകളിൽ ആരൊക്കെ അഭിനയിക്കാൻ വേണ്ടി എത്തിയാലും ഒരു ഹിറ്റ് സിനിമ അവരുടെ ഫിൽമോഗ്രാഫിയിൽ ഉണ്ടാകും എന്ന് ഉറപ്പിച്ചു പറയാം .
ഒരു മുൻ പോലീസുകാരൻ ആയ ,ഒട്ടേറേ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയി സേവനം ചെയ്തിട്ടുള്ള ഷാഹി തന്റെ ഔദ്യോഗിക ജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചതും ആയ വിശേഷങ്ങളും മറ്റും ഒക്കെ ആണ് തന്റെ സിനിമയിലൂടെ പ്രേക്ഷകർക്ക് കാണിച്ചു തരുന്നത്. ഇനിയും പോലീസ് കഥകളും അനുഭവങ്ങളും ആയി ഷാഹി കബീർ തുടരട്ടെ എന്ന് ആശംസിക്കുന്നു.
റോന്ത് .. എന്നെ സംബന്ധിച്ചിടത്തോളം പത്തിൽ എട്ട് .
VV