മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്നൊക്കെ ആണ് ഇക്കഴിഞ്ഞ കുറച്ചു വർഷങ്ങളെ നമ്മൾ പറഞ്ഞു കൊണ്ടിരിക്കുന്നത് .. ഒരർത്ഥത്തിൽ അത് ശെരി വയ്ക്കുന്ന തരത്തിൽ തന്നെയാണ് കഴിഞ്ഞ രണ്ടു വർഷങ്ങളോളമായി ഇറങ്ങുന്ന സിനിമകളിലൂടെ നമുക്കു കാണാൻ സാധിക്കുന്നത്.
നല്ല സിനിമകൾ ഒക്കെ ഇറങ്ങുന്നുണ്ടെങ്കിലും അത് മാത്രമാണോ ഇക്കാലഘട്ടത്തിൽ ചർച്ചയാകുന്നത് …? അതോ സിനിമകൾ കൊയ്യുന്ന കോടികൾ ആണോ ? ചില സിനിമാപോസ്റ്റുകൾ കാണുമ്പോൾ അത് നല്ല സിനിമകളെ പറ്റിയാണോ അതോ കോടികൾ കൊയ്ത സിനിമകൾ ആണോ…സുവർണ്ണ കാലഘട്ടം കൊണ്ടുദ്ദേശിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ..!
സിനിമ ഇറങ്ങി ഒന്നാം ദിവസം തൊട്ടു മലയാളികൾ കോടികളുടെ പിന്നാലെയാണ്… കേരള ഫസ്റ്റ് ഡേ കളക്ഷൻ , കേരളത്തിന് പുറത്തു ഓപ്പണിങ് കളക്ഷൻ , ഓവർ സീസ് കളക്ഷൻ എന്നങ്ങനെ കോടികളുടെ ബാഹുല്യം മലയാളസിനിമയെ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു .. ഇതിന്റെ പരിണത ഫലം അനുഭവിക്കുന്നത് മലയാളത്തിൽ ഇറങ്ങുന്ന നല്ല നല്ല കൊച്ചു സിനിമകളെയാണ് എന്ന് പറയേണ്ടിവരും . ഒപ്പം തന്നെ കിട്ടുന്ന കോടികൾ എണ്ണി എണ്ണി വരുന്നിടത്തേക്കു മനഃപൂര്വമുള്ള ഒരു ഡീഗ്രേഡിങ് ആരാധകരുടെ ഭാഗത്തും തമ്മിൽ തമ്മിൽ ഉണ്ടായികാണുന്നു.. അത് ചിലസമയങ്ങളിലെങ്കിലും കഴിവുള്ള നടന്മാരെയും അണിയറ പ്രവർത്തകരെയും കൂടി പ്രതികൂലമായി ബാധിക്കുന്നു. ഇനി ഒരു സിനിമ ഒരമ്പത്തു കോടി എത്തിയെന്നിരിക്കട്ടെ ..ആ സിനിമയുടെ സംവിധായകനും നടനും ആയിരിക്കും അതിന്റെ പ്രഷർ അനുഭവിക്കുക ..കാരണം തന്റെ അടുത്ത സിനിമയിലും അത്തരം ഒരു പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലായെങ്കിൽ മിനിമം ഗ്യാരന്റി എന്ന ടാഗ് നഷ്ടപ്പെടാൻ ഇത്തരം കോടികൾ കാരണമാകും .
ഇയ്യടുത്തു ഒരിന്റർവ്യൂവിൽ സംവിധായകൻ ജിത്തു സർ പറയുകയുണ്ടായി.”..സിനിമകൾ ഇപ്പോൾ കോടികളുടെ പുറകെയാണ് … എന്നാൽ ഇത്തരം കോടികൾ അത് അമ്പതു കഴിഞ്ഞു നൂറും ഇരുന്നൂറും ഒക്കെ ആയി മുന്നേറുമ്പോൾ അത് ശെരിക്കും അത്രയും കോടികൾ ഒക്കെ ഉണ്ടാക്കിയോ എന്നുള്ളത് ചിന്തിക്കേണ്ട വസ്തുതയാണെന്നാണ് …” കരണം ഇത്രയും കോടികൾ ഇൻഡസ്ട്രിയിൽ വന്നെത്തിയിട്ടും എന്തെ മലയാളത്തിലെ നിർമാതാക്കളും തിയേറ്റർ ഉടമകളും ഇപ്പോഴും പ്രതിസന്ധിയിൽ നില്കുന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇയ്യടുത്തു നിർമാതാക്കളുടെ സംഘടനയിലെ ചിലരുടെ പ്രതികരണത്തിലും അത് വ്യക്തവുമാണ്.
ഒറ്റ തിരിഞ്ഞുള്ള കടന്നാക്രമണവും കൂട്ടമായി സാമൂഹ്യമാധ്യമങ്ങളിൽ സംഭവിക്കുന്ന വേട്ടയാടലുകളും കുറെയൊക്കെ ഇത്തരം കോടിയുടെ കണക്കുകളും ഒരു കാരണമാണ്. ഉദാഹരണത്തിന് മമ്മൂക്കയുടെ പുഴുവും ,ഉണ്ടയും കണ്ണൂർ സ്ക്വാഡും കാതൽ ദി കോർ ഉം ഒക്കെ കുറെയേറെ കോടികളെക്കാൾ അവതരണത്തിലും സാങ്കേതികതയിലും കഥയുടെ കാര്യത്തിലായാലും ഒരുപാട് മുന്നിൽ ആണെന്ന് സമ്മതിക്കേണ്ടി വരും . സായ്കുമാറും സൈജു കുറുപ്പും ചേർന്നു അഭിനയിച്ച ഭരതനാട്യം , വിനയ് ഫോർട്ടിന്റെ ആട്ടവും അങ്ങിനെയുള്ള ഗണത്തിൽ പെടുത്താവുന്ന നല്ല സിനിമകൾ ആണ്.
പുലിമുരുഗനും , ആടുജീവിതവും , എമ്പുരാനും, ലൂസിഫറും മാർക്കോയും , തുടരും തുടങ്ങിയവ ഒക്കെ നമുക്കു വേണം ..അതിൽ കൂടി മലയാള സിനിമാ മേഖലയിലേക്ക് കടന്നു വന്നിട്ടുള്ള വൻബഡ്ജറ് സിനിമാ സമ്പ്രദായവും നമുക്കു വേണം … എന്നാൽ അതോടൊപ്പം തന്നെ കലാമൂല്യമുള്ള നല്ല സിനിമകളും ആദരിക്കപ്പെടണം , ആഘോഷിക്കപ്പെടണം എന്ന താല്പര്യക്കാരനാണ് ഞാൻ.
ഇതിനിടക്ക് ഒരു കാര്യം കൂടെ… അത്ര തന്നെ കലാമൂല്യമോ ,സാങ്കേതികയോ അല്ലെങ്കിൽ കഥാപരമായോ പ്രമേയപരമായോ മുന്നിട്ടു നിൽക്കാത്ത സിനിമകളും ഇത്തരം കോടി എന്ന ബ്രാക്കറ്റിൽ കേറ്റി വൻ വിജയമാണ് എന്ന് ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ചില സിനിമകളും ഇതിനിടെ നടക്കുന്നു. വെറും ആൾക്കൂട്ട തമാശകൾ മാത്രമായ ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുകയും അതേസമയം കഴിവും തന്റേടവും കൊണ്ട് നല്ല സിനിമകൾക്കു വേണ്ടി വാശി പിടിക്കുകയും അതിനു വേണ്ടി അർപ്പണബോധ്യത്തോടെ പ്രയത്നിക്കുകയും ചെയ്യുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തുകയും കൂടി ചെയ്യുന്നത് കാണുമ്പോൾ മലയാള സിനിമയുടെ സുവാരണകാലഘട്ടമെന്നു നമ്മൾ അഹങ്കരിക്കുന്ന ഇക്കാലഘട്ടം യഥാർത്ഥത്തിൽ അങ്ങിനെയാണോ എന്നൊരു ചോദ്യം അവശേഷിപ്പിച്ചുകൊണ്ടു …
VV