” Narcotics is a Dirty Business ” — Let the Law Takes it’s Turn —

ഇന്നിന്റെ കേരളം മുഴുവനും മയക്കുമരുന്നിനെയും അതുപയോഗിക്കുന്നവരെയും അത് വില്കുന്നവരെയും അതിനെ പ്രതിരോധിക്കുന്നവരെയും ഒക്കെയാണ് കേൾക്കുന്നത് … വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും മുഴുവനും എം ഡി എം എ , കഞ്ചാവ് , ഹൈബ്രിഡ് കഞ്ചാവ് , കൊക്കെയ്‌ൻ അങ്ങിനെ കേട്ടതും അറിഞ്ഞതുമായ ഒരുപാട് പേരുകൾ ..കുറെയേറെ രൂപഭാവങ്ങൾ !!

അതും കേസുകളിൽ പെടുന്നവർ കുറച്ചു ഫേമസ് ആയ ആളുകളാണെങ്കിലോ …പ്രത്യേകിച്ച് സിനിമാ മേഖലയിൽ നിന്നുമുള്ളവർ … അപ്പൊ വാർത്തകൾ കൂടുതൽ ചൂടുള്ളതാകുകയും കൂടുതൽ ശ്രദ്ധയാകര്ഷിക്കുന്നതും ആകും .. ഈ ദിവസങ്ങളിൽ വാർത്തകളും ചാനെലുകളും മുഴുവനും ആഘോഷിക്കുന്നത് ഖാലിദ് റെഹ്മാനെയും അഷ്‌റഫ് ഹംസയെയും സമീർ താഹയെയും ഷൈൻ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയെയും ഇപ്പോളിതാ വേടനും ഒക്കെ ആണ്…

പോലീസ് ഡിപ്പാർട്മെന്റിലെയും എക്‌സൈസ് ഡിപ്പാർട്മെന്റിലെയും ഉദ്യോഗസ്ഥർ തികച്ചും അഭിനന്ദനം അർഹിക്കുന്നു എന്നുള്ളതിൽ സംശയം ഒന്നും തന്നെയില്ല. അന്വേഷണം നടക്കട്ടെ . സിനിമാ മേഖലയിലെന്നല്ല .. ഏതൊരു മേഖലയിലും മയക്കുമരുന്നും ലഹരി ഉപയോഗവും ഇല്ലായ്മ ചെയ്യുക എന്ന രീതിയിൽ തന്നെ വേണം നിയമവും അത് നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരും പ്രവർത്തിക്കേണ്ടത് … !

എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യ .. കുറച്ചു വര്ഷങ്ങള്ക്കു മുൻപ് കോവിഡ് വന്നപ്പോൾ ,അതിന്റെ രോഗവ്യാപനത്തിന്റെയും ടെസ്റ്റുകളുടെയും അതിൽ ജീവഹാനി നേരിട്ടവരുടെയും വ്യക്തമായ കണക്കുകൾ തയ്യാറാക്കി പ്രഖ്യാപിക്കുക വഴി, കേരളത്തിലെ ആതുരസേവനരംഗം മുഴുവൻ താറുമാറായെന്ന ഒരു അപഖ്യാതി പരന്നിരുന്നു ..

അതിനുശേഷം ഇയ്യിടെയായി ചെറുപ്പക്കാരുടെ ഇടയിൽ കുറ്റകൃത്യവാസനാ കൂടുന്ന തരത്തിൽ കുറെയേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .. അതൊക്കെ ലഹരിയുടെ സ്വാധീനത്തോടെയാണ് എന്നും കേരളം ലഹരിയുടെ കറുത്ത കരങ്ങളിൽ കിടന്നു പിടയുകയാണ് എന്നും ഉള്ള വാർത്തകൾ കേരളത്തെ ലഹരിയുടെ ക്യാപിറ്റൽ ആണ് എന്നതരത്തിൽ ഉള്ള ദുരുദ്ദേശത്തോടെയുള്ള പ്രഖ്യാപനവും പൊങ്ങി വന്നു കൊണ്ടിരുന്നു …

അങ്ങിനെ സമൂഹത്തിൽ കേരളം എന്ന നാടിനെ സമാധാനാന്തരീക്ഷമില്ലാത്ത ഒരു നാടായി ചിത്രീകരിക്കാൻ ചെറുതല്ലാത്ത ഒരു ശ്രമം അങ്ങിങ്ങായി നടക്കുന്നു..മാധ്യമങ്ങൾ അതിപ്പോ ധൃശ്യമാധ്യമങ്ങളായാലും സമൂഹമാധ്യമങ്ങളായാലും ഒരുപോലെ താന്താങ്ങളുടെ ഭാഗം കൃത്യമായി നടത്തുകയും ചെയ്യുന്നു .

ആതുരസേവനരംഗമായാലും നിയമവ്യവസ്ഥയായാലും കലാരംഗമായാലും തിന്മ തിന്മ തന്നെയാണ് … നിയമാനുസൃതമല്ലെങ്കിൽ ശിക്ഷ അനുഭവിക്കുക തന്നെ വേണം. എന്നാൽ കുറ്റകൃത്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യക വഴി, അന്വേഷണത്തിലൂടെ കുറ്റകൃത്യത്തിൽ ഭാഗഭാക്കായവരെ പിടികൂടുന്നതിലൂടെ കുറ്റമറ്റ ഒരു സംവിധാനം ഈ നാട്ടിലുണ്ട് എന്ന ബോധ്യമാവണം നമുക്കുണ്ടാകേണ്ടത് . ഏതെങ്കിലും തരത്തിൽ കുറ്റകൃത്യം ചെയ്യാനോ അതിനു പ്രേരിപ്പിക്കുവാനോ ആരെങ്കിലും ശ്രമിച്ചാൽ ആദ്യം ഓര്മയുണ്ടാകേണ്ടതും ഈ കുറ്റമറ്റ സംവിധാനത്തെ തന്നെയാണ് !!!

ഇനി സിനിമാ മേഖലയിലേക്ക് വന്നാൽ…. മലയാളികൾ എന്നെന്നും വലിയ ആഘോഷമായി കൊണ്ടാടുന്ന ഒരു കലയാണ് സിനിമ . സമകാലീനവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള പല വിഷയങ്ങളും മലയാള സിനിമയുടെ പ്രമേയങ്ങളായി വന്നിട്ടുണ്ട് ..ഇനിയും ഉണ്ടാകും. സിനിമയുടെ പ്രമേയങ്ങളെ പോലെ സിനിമാ താരങ്ങളെയും മലയാളി എന്നെന്നും ആഘോഷിക്കാറുണ്ട് . ലാലേട്ടനും മമ്മൂക്കയും അങ്ങിനെ എല്ലാവരും തന്നെ മലയാളികൾക്ക് എന്നെന്നും പ്രിയപ്പെട്ടതാണ് … വലിയ താരനിര ഇല്ലാത്ത സിനിമകളാണെങ്കിലും നല്ല സിനിമകൾ ആണെങ്കിൽ മലയാളി അവ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണ് മലയാളികൾക്ക്. ട്രാഫിക്കും , മഞ്ഞുമ്മൽ ബോയ്സ് , പ്രേമലു , കുമ്പളങ്ങി നൈറ്സ് , ഭരതനാട്യം , ആട്ടം …ആ ലിസ്റ്റ് നീണ്ടു നീണ്ടു പോകും …അത്തരം ഒരു സാഹചര്യത്തിലാണ് ലഹരി എന്ന മായാ ലോകത്തിലേക്കു താരങ്ങളും അണിയറ പ്രവർത്തകരും വഴുതി വീഴുന്നത്.

താരങ്ങളെയും അണിയറപ്രവർത്തകരെയും നല്ല സിനിമകളെയും ഒരു പോലെ പ്രണയിച്ച മലയാളികൾക്ക് ഒരിക്കലും പൊറുക്കാൻ സാധികാത്ത ഒരു പ്രവണതയാണ് ഇപ്പോൾ മലയാള സിനിമാ മേഖലയിൽ നടന്നു കൊണ്ടിരിക്കുന്നത് … ആയിരകണക്കിന് കുടുംബങ്ങൾ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനു അഭിമാനത്തോടെ ജോലി ചെയ്യുന്ന ഒരു തെഴിലിടം ആണ് സിനിമാ മേഖല .

ഇത്തരം താരമൂല്യം സിനിമാനടന്മാർക്കും സംവിധായകർക്കും ടെക്‌നീഷ്യന്മാർക്കും ഒക്കെ നൽകിയ ..അവരുടെ സിനിമകൾ കണ്ട .. അവരെ പ്രോത്സാഹിപ്പിച്ച …സിനിമകളോടുള്ള പച്ചയായ പ്രണയം പങ്കുവച്ച .. ഞങ്ങൾ ആരാധകരോട് വേണ്ടായിരുന്നു ഈ ചതി …!

നിങ്ങളുടെ ഈ നിമിഷനേരത്തെ സുഖ ലബ്ദിക്ക് വേണ്ടി നിങ്ങൾ നശിപ്പിച്ചത് കുറെ ജീവിതങ്ങളുടെ അന്നത്തെയാണ് … സിനിമാ മേഖലയിലാണ് ജോലി എന്ന് പറഞ്ഞാൽ സമൂഹം അവരെ കുറ്റവാളികളെ പോലെ ആകും ഇനി വീക്ഷിക്കുക… സാന്മാര്ഗികതയിൽ ജീവിക്കുന്നവരാണെങ്കിൽ കൂടി നിങ്ങൾ സമ്പാദിച്ചു കൊടുത്ത ആ വിഴുപ്പു ഇനി ചുമക്കുക ഇവരെ പോലെ സിനിമ ഒരു ഉപജീവനമാർഗമായി കണ്ട പാവങ്ങളെ ആയിരിക്കും .

അതുകൊണ്ടു തന്നെ സിനിമാക്കാരോട് മലയാളികളുടെ എകപക്ഷീയമായ അഭ്യർത്ഥന … ദയവു ചെയ്തു ഇത്തരം ആഭാസപൂര്ണമായ ഒരു ജീവിതത്തിൽ നിന്നും അകന്നു നല്ല ജീവിതം കാഴ്ചവക്കുക … ലാലേട്ടന്റെ ആ പ്രസിദ്ധമായ ഡയലോഗ് എന്നെന്നും ഓർക്കുക ….!”

Narcotics is a Dirty Business “

സ്നേഹത്തോടെ

VV

Related Posts

Leave a Reply

Your email address will not be published. Required fields are marked *