വേറൊരു പണിയും ഇല്ലാത്തോണ്ട് തലവച്ചു കൊടുത്തതാണ് … അതുകൊണ്ടു തന്നെ വല്യ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു . ആദ്യത്തെ ഒരു പത്തു പതിനഞ്ചു മിനിറ്റിനുള്ളിൽ കഥാപാത്രങ്ങളെയൊക്കെ വേണ്ടത്ര പ്രാധാന്യത്തോടെ തന്നെ പരിചയപ്പെടുത്തി കൊണ്ടാണ് ആരംഭം … സിദ്ധിഖും ബിന്ദുപണികരും എപ്പോളത്തെയും പോലെ തനതു ശൈലിയിൽ അപ്പനും അമ്മയും റോൾ തകർത്താടികൊണ്ടിരിക്കുന്നു …. കല്യാണമാണ് സീൻ …പക്ഷെ അവിടുന്ന് പെട്ടന്നു ഒരാറുമാസം പുറകിലോട്ടു പോയി…എന്തിനാണ് എന്ന് ഒരു പിടിയും കിട്ടിയില്ല … കഥ കുറെ പോയതിനു ശേഷമാണ് കെട്ടാച്ചരക്കായി പുര നിറഞ്ഞു നിൽക്കുന്ന കുടുംബത്തിലെ മൂത്ത പുത്രന് കല്യാണ പെണ്ണ് കിട്ടുന്നതിലേക്കാണ് സംഗതി പോകുന്നത് എന്ന് മനസിലായത് …
ഇയ്യോ … ഇപ്പോഴും പിടി കിട്ടിയില്ലേ … പ്രിൻസ് ആൻഡ് ഫാമിലി ആണ് സംഭവം !! റെനദീവിന്റെ കേമറയിൽ സാഗർ ദാസ് എഡിറ്റ് ചെയ്തു ഷരിസ് മുഹമ്മദിന്റെ തിരക്കഥയിൽ പുതുമുഖ സംവിധായകനായ ബിന്റോ സ്റ്റീഫന്റെ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ നിർമാണത്തിൽ ഇറങ്ങിയ ഏറ്റവും പുതിയ ദിലീപ് ചിത്രം …പ്രിൻസ് ആൻഡ് ദി ഫാമിലി !
ധ്യാൻ ശ്രീനിവാസനും മഞ്ജു പിള്ളയും ജോണി ആന്റണിയും ജോസ്കുട്ടി ജേക്കബും ഒക്കെ ഉള്ള ഒരു വൻ താര നിര തന്നെയുണ്ട് സിനിമയിൽ. പിന്നെ സെക്കന്റ് ഹാഫ് മുഴുവനും നിറഞ്ഞാടിയ പുതുമുഖ നായിക Raaniya Rana യും എല്ലാം കൂടി കുറച്ചു കളർഫുൾ ആണ് സിനിമ .. പക്ഷെ എന്തോ ..അവിടവിടെ വന്നു പോയ ചില നർമ്മങ്ങളും ചുരുക്കം ചില ഇമോഷൻസ് സീന്സും ചില നാടകീയമായ രംഗങ്ങളും ഒഴിച്ചാൽ ഒരു സാധാരണ സിനിമ ..
ധ്യാൻ എപ്പോഴത്തെയും പോലെ പ്രത്യേകിച്ച് ഒരുപകാരവും ഇല്ല. ജോസ്കുട്ടി ജേക്കബ് ഒക്കെ എന്തിനാണ് എന്ന് തോന്നിപോകും .. ജോണി ആന്റണി നല്ല ഒരു നടനാണ് ..പക്ഷെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വേണ്ടവിധത്തിലുള്ള ഒരു കൃത്യത ഉണ്ടായിരുന്നില്ല എന്ന് തോന്നി .. ബാലൻ വക്കീലിലെ സിദ്ധിഖും ബിന്ദുപണികരും വീണ്ടും വന്നപോലെയും തോന്നിച്ചു ..അവരുടെ അഭിനയപാടവം ഒന്ന് കൊണ്ട് മാത്രം വിരസത അനുഭവപ്പെട്ടില്ല .. മഞ്ജുപിള്ള കിട്ടിയ ചാൻസ് നന്നായി കൈകാര്യം ചെയ്തു എന്ന് തന്നെ പറയണം ..അത്രമേൽ സഫിയാത്ത എന്ന കഥാപാത്രം കൊണ്ട് സിനിമയിൽ നിറഞ്ഞു നിന്നു . ഉർവശി ചേച്ചിയുടെ ആരോഗ്യമന്ത്രി ഒറ്റ സീനിൽ സിനിമയിലെ മെസ്സേജ് പറഞ്ഞു വച്ചു .
പുതുമുഖ നായികാ ആയി വന്ന Raaniya Rana തന്റെ ഭാഗം നന്നായി ചെയ്തു …പക്ഷെ ദിലീപിന്റെ നായികയായി എന്തോ എവിടെയോ ഒരു ചേർച്ച കുറവുള്ള പോലെ തോന്നി .. നാല്പതുകളോടടുത്തു നിൽക്കുന്ന അവിവാഹിതൻ കല്യാണം കഴിക്കുന്ന ഒരു ചെറുപ്പക്കാരി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ എന്ന രീതിയിലാണ് നായികയെ പ്ലെസ് ചെയ്തിരിക്കുന്നതിനാൽ മേല്പറഞ്ഞ ആ ചേർച്ചക്കുറവ് കുഴപ്പമുള്ളതല്ല എന്നും കരുതാം .
ഇനി മ്മ്ടെ നായകൻ പ്രിൻസിനെ പറ്റി .. തുടക്കം അല്പം ചളിയടിയിൽ കുളിച്ചു നിന്നെങ്കിലും ആദ്യമായി വന്ന ഒരു ബാർ സീനിൽ നിന്നും സിനിമ കുറച്ചു ക്വാളിറ്റിയുള്ള കോമഡിയിലേക്കു ഗിയർ ഷിഫ്റ്റ് ചെയ്യുന്നുണ്ട് … വിണ്ണൈ താണ്ടി വരുവായ എന്ന ഗൗതം വാസുദേവമേനോന്റെ സിനിമയിലെ ഒരു രംഗം ടി വി യിൽ കാണിക്കുന്നതിൽ നിന്നുമാണ് അതിന്റെ തുടക്കം .. അവിടുന്നങ്ങോട്ട് സിനിമ കുറച്ചെങ്കിലും മെച്ചപ്പെട്ട രീതിയിൽ വന്നിട്ടുണ്ടെന്നത് പറയാതെ വയ്യ .
സിനിമ തുടങ്ങുമ്പോൾ തന്നെ ദിലീപ് അഭിനയിച്ചു മികവുറ്റതാക്കിയ ഒരുപാട് കഥാപാത്രങ്ങളുടെ സ്റ്റീൽസ് കാണിച്ചു തന്റെ നൂറ്റമ്പതാമത്തെ സിനിമ എന്ന രീതിയിൽ ആരവത്തോടെ തുടങ്ങിയത് മാത്രമേ ഉള്ളൂ ..അതവിടെ തന്നെ അവസാനിച്ചു എന്ന് വേണം കരുതാൻ .
അല്പം വെളുപ്പിക്കൽ ശ്രമം ഉണ്ടായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു… ഒരു വാർത്ത നമ്മൾ കേൾക്കുമ്പോൾ അല്ലെങ്കിൽ അത് പറഞ്ഞു പരത്തുമ്പോൾ അതിന്റെ അങ്ങേ അറ്റത്തും കുറെ ജീവിതങ്ങൾ ഉണ്ടെന്നുമൊക്കെ പറഞ്ഞു വെക്കുന്നിടത്തു തീരെ നിഗൂഢമായ ഒരു വെളുപ്പിക്കൽ …ഉണ്ടായിരുന്നോ എന്നൊരു സംശയം എവിടെയൊക്കെയോ …
ഉള്ളതുപറയാമല്ലോ .. രാമലീലക്കും കോടതി സമക്ഷം ബാലൻ വക്കീലിനും ശേഷം നല്ലൊരു ദിലീപ് ചിത്രം ഇനിയും വരേണ്ടിയിരിക്കുന്നു … എങ്ങോ എപ്പോഴോ നഷ്ടപെട്ട ആ ഗ്രാമീണ നിഷ്കളങ്ക ഭാവം ദിലീപിന് കൈമോശം വന്നുവോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഒരു ലക്ഷണം … താനൊരു നിഷ്കളങ്കനാണ് എന്നു ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ഒരു തത്രപ്പാട് ദിലീപിന്റെ ഇയ്യടുത്ത കാലത്തിറങ്ങിയിട്ടുള്ള ഒട്ടു മുക്കാലും സിനിമകളിൽ പ്രകടമാണ് …
ദിലീപിനെ മലയാളി സിനിമാപ്രേമികൾക്കൊക്കെ ഇഷ്ടമാണ് …വ്യക്തിപരമായ ജീവിതത്തിലുള്ള പ്രശ്നങ്ങളും മറ്റും അദ്ദേഹം വേണ്ടരീതിയിൽ കൈകാര്യം ചെയുന്നുമുണ്ട് . അങ്ങിനെയിരിക്കെ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പ്രേക്ഷരുടെ ഇഷ്ടത്തെ കാണാനും നല്ല കാമ്പുള്ള കഥാപാത്രങ്ങൾ തനിക്കു ചേരുന്ന വിധം അവതരിപ്പിക്കാനും ഒക്കെയാണ് ദിലീപേട്ടൻ ശ്രദ്ധിക്കേണ്ടത് എന്ന് മാത്രം പറഞ്ഞു വെക്കുന്നു .
VV