ഖാലിദ് റഹ്മാനും കൂട്ടരും നസ്ലെനെയും ചങ്ങാതിമാരെയും കൂട്ടി ഇത്തവണ വിഷുവിനു മലയാളികളെ കാണാൻ വന്നത് ഒരു സ്പോർട്സ് കോമഡി യിലൂടെയാണ് … ആലപ്പുഴ ജിമ്ഖാനാ !!
കൂട്ടുകാരോടൊത്തു അല്ലെങ്കിൽ ഫാമിലിയോടൊത്തു ഒരു സായാഹ്നം കുറെ ചിരിക്കാനും എന്ജോയ് ചെയ്യാനും സാധിക്കുന്ന ഒരു ഫീൽ ഗുഡ് സിനിമ , അതിനപ്പുറം ജിംഖാന യിൽ കാര്യമായൊന്നും ഇല്ലായെന്ന് തന്നെ പറയേണ്ടിവരും .. ഒരുപക്ഷെ അണിയറപ്രവർത്തകരും സംവിധായകനും അത്രയൊക്കെയേ ഇങ്ങനൊരു സിനിമയിൽ നിന്നും പ്രതീക്ഷിച്ചിട്ടുണ്ടാവുകയുള്ളൂ .
ഒരു സാധാരണ സ്പോർട്സ് ഡ്രാമയിൽ വേണ്ട ചേരുവകളൊന്നും തന്നെ ആലപ്പുഴ ജിംഖാനയിൽ ഇല്ല അല്ലെങ്കിൽ അതിൽ നിന്നും വ്യത്യസ്തമായൊരു ട്രീത്മെന്റ്റ് ആണ് ആലപ്പുഴ ജിംഖാനയിൽ കാണാൻ സാധിക്കുക .. കുറച്ചു ചെറുപ്പക്കാർ …അവർ തങ്ങളുടെ അക്കാഡമിക് തോൽവികളിൽ നിന്നും രക്ഷപെടുവാൻ വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു കായിക ഇനം .. ആ കായികഇനത്തിൽ ജയിക്കുക എന്നതിനേക്കാൾ അതിൽ പങ്കെടുക്കുക വഴി ഉപരിപഠനത്തിനുള്ള സാധ്യത നിലനിർത്തുക … ആ യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളെ നർമ്മത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിക്കുക … തണ്ണീർമത്തൻ ദിനങ്ങളിലെ പിള്ളേരിലൂടെ , പ്രേമലു വിലൂടെ ഒക്കെ വർക്ക് ഔട്ട് ആയ ഫുൾ ഓൺ കോമഡി എലെമെന്റ്സ് ജിംഖാനയിലും കാണാൻ സാധിച്ചു എന്നുള്ളത് നേര് തന്നെ .. എന്നാൽ തണ്ണീർമത്തൻ ദിനങ്ങളിലും പ്രേമലു വിലും ഒരു ഇടതടവില്ലാതെ ഒഴുകുന്ന നർമ്മം ജിംഖാനയിൽ എത്തുമ്പോൾ ഒരു ആവര്ത്തന വിരസത അനുഭവിക്കുനുണ്ടോ എന്നൊരു സംശയം ബാക്കിയാവുന്നു .
നസ്ലെൻ .. അടിപൊളിയാണ് എന്ന അഭിപ്രായക്കാരൻ ആണ് ഞാൻ . ജിംഖാനയ്ക് വേണ്ടി അത്യാവശ്യം ബോഡി ട്രാൻസ്ഫർമേഷൻ ഒക്കെ വരുത്താൻ നസ്ലെൻ പണിയെടുത്തിട്ടുണ്ട് .. അത് നല്ല ഒരു നടനിലേക്കുള്ള നസ്ലെന്റെ യാത്രയെ സാധൂകരിക്കുന്നു . കോമഡി ടൈമിംഗ് അദ്ദേഹത്തിന്റെ ആദ്യ സിനിമകൾ തൊട്ടു മലയാളികൾക്ക് പരിചിതമാണ് … പ്രേമലു വിൽ എത്തിയപ്പോഴേക്കും അത് അതിന്റെ പീക്കിൽ വരികയും ചെയ്തു … എന്നാൽ നസ്ലെൻ ഒരു പാറ്റേർണിൽ ഒതുങ്ങി പോകുന്നുണ്ടോ എന്നൊരു സംശയം അപ്പോഴും ബാക്കി…
ഒരു പ്രൊമോഷൻ ഇന്റർവ്യൂവിൽ ചോദ്യകർത്താവ് ഇങ്ങനെയാണ് നസ്ലെനെ ഉപമിച്ചതു … ” വളരെ ലാഘവത്തോടെ , സീരിയസ് ആകാതെ ഡയലോഗ് പറയുന്ന നടൻ ..” അത് പക്ഷെ ഒരു കോംപ്ലിമെൻറ് ആയാണ് നസ്ലെൻ എടുത്തെങ്കിലും ഇനിയും തിരഞ്ഞെടുക്കുന്ന തിരക്കഥകളിൽ ടൈപ്പ് കാസ്റ് ആകാതെ ശ്രദ്ധിക്കേണ്ടത് സിനിമയിലെ തന്റെ വളർച്ചക്കും മുന്നോട്ടുള്ള യാത്രക്കും നസ്ലെന് ഉപകാരപ്പെടും എന്ന് തന്നെയാണ് എന്റെ അഭിപ്രായം .
“പാലും പഴവും കൈകളിലേന്തി …” എന്ന പാട്ടു മലയാളികൾ മറക്കുകയില്ല … അതുപോലെ തന്നെ ഗണപതിയേയും ! ആലപ്പുഴ ജിംഖാനയിലെ ഗണപതി കുറേകൂടി പക്വതയുള്ള നടനായി മാറിയിട്ടുണ്ട് … മഞ്ഞുമ്മൽ ബോയ്സ് ഇലും നാം അത് കണ്ടതാണ് … കൂട്ടത്തിൽ ഒരുവൻ എന്ന ലേബൽ ഗണപതിക്ക് നന്നായി ചേരും എങ്കിലും ഇത്രയും വർഷത്തെ സിനിമാജീവിതം ഗണപതിക്ക് ഇനിയും നല്ല കഥാപാത്രങ്ങൾ കയ്യെത്താ ദൂരത്തിൽ ആണെന് തന്നെ പറയേണ്ടി വരും .
മാത്യൂസും നസ്ലെനും ഗണപതിയും ഒക്കെ മലയാള സിനിമയുടെ പുതിയ തലമുറയാണ് … നല്ല കഴിവും ഉള്ളവരാണ് .. മുൻ നിര നടന്മാരെ പോലെ സ്വാഭാവികമായ അഭിനയമാണ് ഇവരുടെ ശക്തികേന്ദ്രം .. കൂടുതൽ കേറെക്റ്റർ റോളുകൾ ഇവരെ തേടിയെത്തട്ടെ … വെറും കോമേഡിയൻസ് ആയി ടൈപ്പ് കാസ്റ്റാകാതെ നല്ല നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ബഹദൂരം മുന്നേറാൻ ഇവരെ കൊണ്ട് സാധിക്കട്ടെ.
വിഷുവിലെ മുൻപന്തിയിൽ ആലപ്പുഴജിംഖാനയിലെ ചിരികൾ എന്തായാലും ഉണ്ടാകും !!
VV